ചോലനായ്ക്കർ - 1

(36)
  • 1.6k
  • 456

ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം.ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം പടർന്നുപന്തലിച്ചു നിൽക്കുന്ന ഈറ്റക്കാടുകൾക്കിടയിലൂടെ കരിമ്പുഴ പതഞ്ഞൊഴുകുന്നുണ്ടായിരുന്നു. വായുവിൽ ഈർപ്പത്തിന്റെ കനവും, ചീവീടുകളുടെ നിർത്താതെയുള്ള മന്ത്രണവും. നിലമ്പൂരിലെ ആഴമേറിയ വനത്തിനുള്ളിൽ, കാലം അതിന്റെ ഘടികാരസൂചി തിരിക്കാൻ മറന്നുപോയ ഒരിടമുണ്ട്- അളകൾ (ഗുഹകൾ)..ചോലനായ്ക്കരുടെ ആദിമ ഗൃഹമായ 'അള'യ്ക്കുള്ളിൽ (ഗുഹ) ഇരുന്നുകൊണ്ട് മാരൻ പുറത്തെ മഴയെ നോക്കി. പാതിരാത്രിയിൽ പെയ്ത മഴയിൽ കാട് കുതിർന്നു കിടക്കുന്നു. പുറത്ത് ചീവീടുകളുടെ കരച്ചിൽ ഒരു മൂളക്കം പോലെ അന്തരീക്ഷത്തിൽ തങ്ങിനിൽപ്പുണ്ട്. മഴ തോർന്നിരിക്കുന്നു. പക്ഷേ, കാട് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. മരത്തലപ്പുകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ കാറ്റടിക്കുമ്പോൾ മുത്തുമണികൾ പോലെ അടർന്നു വീണ് ഇലപ്പടർപ്പുകളിൽ താളം പിടിക്കുന്നു.വെയിലിൽ വെന്തുരുകിയ മണ്ണ് പെട്ടെന്ന് തണുത്തപ്പോൾ പൊട്ടിപ്പുറപ്പെട്ട 'മണ്മണം' അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അതിനോടൊപ്പം കാട്ടുപിച്ചകത്തിന്റെ ലഹരിയുള്ള ഗന്ധവും, ഈറൻ പിടിച്ച ഈഞ്ചപ്പട്ടയുടെ കയ്പ്പുള്ള മണവും അലിഞ്ഞുചേർന്നിരിക്കുന്നു. താഴെ, അഴുകിത്തുടങ്ങിയ കരിയിലകൾക്കിടയിൽ നിന്ന് മുളച്ചുപൊന്തിയ കൂണുകളുടെ വന്യമായൊരു മണം വായുവിൽ