കുന്ദലത-നോവൽ - 1

  • 33.8k
  • 1
  • 7.2k

ദണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരായിരുന്നു. ധർമപുരിയിൽ നിന്ന് ഒരു കാതം ദൂരത്തു് ഒരു ചന്തയും ഉണ്ടായിരുന്നു. ആ ചന്തയിൽ എണ്ണ വിറ്റിട്ടായിരുന്നു അവരുടെ നിത്യവൃത്തി. ഒരു ദിവസത്തെ വഴി കിഴക്കോട്ടായി സാമാന്യം വലിയ ഒരു പട്ടണം ഉണ്ടായിരുന്നതിലേക്കു പോകുന്ന പെരുവഴി ധർമപുരിയുടെ സമീപത്തിൽക്കൂടിയായിരുന്നതിനാൽ ഒരു കുഗ്രാമമാണങ്കിലും അവിടെ ദിവസേന രണ്ടുനാലു വഴിപോക്കന്മാർ എവിടുന്നെങ്കിലും എത്തിക്കൂടുക പതിവായിരുന്നു.