Malayalam Quote in Blog by Anjana Mariya Thomas

Blog quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

വായന എന്താണ്?
വായന ഒരു അനുഭൂതിയാണ്, ആനന്ദമാണ്‌. ഞാൻ അറിയാത്ത ലോകത്തിലേക്കുള്ള സഞ്ചാരമാണ്.  ഞാൻ കാണാത്ത മനുഷ്യരെ തേടിപ്പിടിക്കലാണ്.അവരുടെ വിലാപങ്ങൾ,  സന്തോഷങ്ങൾ, ചിന്തകളൊക്കെയും എന്റേത് കൂടിയായി തീരുന്ന മുഹൂർത്തമാണ്.  ആ സമയം ഞാൻ അവരോടൊത്തു ചിരിച്ചിരിക്കാം,  ഞാൻ മനസിൽ കണക്ക് കൂട്ടിയത് പോലെ ചെയ്യാത്തതിൽ പരിഭവപ്പെട്ടിരിക്കാം, ദേഷ്യപ്പെട്ടിരിക്കാം.അവരുടെ സങ്കടങ്ങൾ എന്റേതെന്ന പോലെയുള്ളിൽ നീറ്റലുണ്ടാക്കിയിരിക്കാം. അതേ, ഞാൻ കണ്ടിട്ടില്ലാത്ത മനുഷ്യരുമായി (കഥാപാത്രങ്ങളുമായി ) ഞാൻ മല്ലിടുകയാണ്. എന്റേതെന്ന പോലെ ചില സമയങ്ങളിൽ ചേർത്തു പിടിക്കുകയും ചിലയിടങ്ങളിൽ തള്ളിക്കളയുകയും ചെയ്യുന്നു. അവിടെ സംസാരിക്കുന്നത് ഞാനും  വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ മനുഷ്യരുമായിട്ടാണ്. എന്റേതല്ലാത്ത ലോകങ്ങളിലേക്ക്, സ്വപ്നങ്ങളിൽ പോലും നിനച്ചിരിക്കാത്ത  പ്രദേശങ്ങളിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ട് പോയേക്കാം. ഞാനെത്ര പിന്തിരിയാൻ ശ്രമിച്ചാലും പിന്നെയും കയ്യിലിറുകെ പിടിച്ചു കൊണ്ടു പോകും. ആ യാത്ര അവസാനിക്കുമ്പോൾ ചിലപ്പോഴത് ശൂന്യതയാകും. ചിലപ്പോൾ യാത്ര അവസാനിച്ചുവല്ലോയെന്ന സങ്കടമാകാം.ചിലരെങ്കിലും നിസ്സംഗത സമ്മാനിച്ചും ഹൃദയത്തെപ്പോലും മരവിപ്പിച്ചും കടന്നുപോയേക്കാം. ഉറക്കത്തിൽ പോലും ഇടയ്ക്കിടെ ഓർമ്മപ്പെടുത്തലെന്നോണം  വന്നു തഴുകിയേക്കാം. പിന്നെയും ചിലപ്പോൾ അതേ വഴികളിലെവിടെയെങ്കിലും വെച്ചു ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ആദ്യമനുഭവിച്ച അതേ അനുഭൂതിയും ആനന്ദവുമൊക്കെ തരാൻ കഴിയുമെന്നുറുപ്പുള്ള അക്ഷരങ്ങളിലേക്ക് വീണ്ടും ഞാനെന്റെ  സഞ്ചാരം തുടർന്നു കൊണ്ടേയിരിക്കും.
ആദ്യത്തേതിനുമപ്പുറം ,   അക്ഷരങ്ങളിൽ ഒളിപ്പിച്ചുവെച്ച  കുസൃതികളെ എന്റെ മുന്നിലേക്ക്  മലർക്കെ തുറന്നു തരും. നിനക്ക് മോക്ഷം കിട്ടുന്നത് വരെയും ഇനിയുമെന്നെ തേടി വരണമെന്ന് നിശബ്ദമായി മന്ത്രിക്കും.വാശിപിടിക്കും. !
അറിവ് എന്നതിനപ്പുറം ഇതൊക്കെകൂടിയാണ് എനിക്ക് ഓരോ വായനയും.

അജയ് പി മങ്ങാട്ടിന്റെ "സൂസന്നയുടെ ഗ്രന്ഥപ്പുര"യിൽ നിന്നും  ഇഷ്ടങ്ങളോടൊപ്പം ഡയറിയിൽ  കുറിച്ചിട്ട ഒരു വാചകമിങ്ങനെയാണ്.
 
"കഥ വായിക്കുന്നവർക്കറിയാം ഒരു കഥയും  അങ്ങനെ അവസാനിക്കാൻ പോകുന്നില്ല, കഥാപാത്രവും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കഥകളും കഥാപാത്രങ്ങളും അവിരാമം  സഞ്ചരിക്കുന്നു."  അനേകമവസരങ്ങളിൽ ഇതു  സത്യമായി തോന്നിയിട്ടുണ്ട്. ചില മനുഷ്യരോട് സംസാരിക്കുമ്പോൾ, അവരുടെ പ്രവൃത്തികൾ കാണുമ്പോൾ വായിച്ചു മറന്ന മനുഷ്യരെക്കൂടിയാണ് ഓർമ്മപ്പെടുത്തുന്നത്. അവരെ ആ കഥാപാത്രമായി സങ്കല്പിച്ചു നോക്കുന്നതും രസകരമായ ഒരു കാര്യം തന്നെയാണ്.

NB: ഇപ്പോൾ ഞാൻ ഇസഹാക്കിന്റെയും ആനിയുടെയും റാഹേലിന്റെയും  യോഹന്നാന്റെയുമൊക്കെ ഗ്രാമത്തിലാണ്.അവരാണ് എന്റെ സഹയാത്രികർ.അവരുടെ  'ആയുസിന്റെ പുസ്തകത്തിന്റെ' കണക്കെടുപ്പിലാണ്.

#ജൂൺ 19 വായന ദിനം #പിഎൻ പണിക്കരുടെ ജന്മദിനം

Malayalam Blog by Anjana Mariya Thomas : 111478953
New bites

The best sellers write on Matrubharti, do you?

Start Writing Now